പിറവം: സംസ്‌ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ചും, ജനമൈത്രി പോലീസിനെ സംബന്ധിച്ചും പഠിക്കുന്നതിനായി ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നും കേരളത്തിലെത്തിയ സംഘം പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സന്ദര്‍ശിച്ചു. സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ഹേമലതയുടെയും, ആര്‍.മോഹനന്റെയും നേതൃത്വത്തില്‍ പത്തംഗസംഘമാണ് സ്‌കൂളിലെത്തിയത്. കുട്ടികളെ ശരിയായ സാമൂഹിക വീക്ഷണത്തോടെ മുന്നോട്ട് നയിക്കാനും നല്ല പൗരന്‍മാരാക്കി തീര്‍ക്കാനും, കഴിവുകള്‍ ഉണര്‍ത്തുന്നതിനും ലക്ഷ്യം വച്ച് ആരംഭിച്ച പദ്ധതി ആന്‍ഡമാനിലും തുടങ്ങുകയാണ് സന്ദര്‍ശന ലക്ഷ്യം.
പുതുതായി എസ്.പി.സി അനുവദിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സ്‌കൂളുകളിലൊന്നായി കണ്ടെത്തിയ എം.കെ.എം സ്‌കൂളിലെ അധ്യാപകരോടും, എസ്.പി.സി കേഡറ്റുകളോടും സംഘം ആശയ വിനിമയം നടത്തി.
പരിശീലകരായ സി.പി.ഒ സിബി അച്യുതന്‍, ഡബ്ല്യു സി.പി.ഒ ശോഭന പി.ആര്‍, സ്‌കൂളിലെ പ്രോജക്‌ട് സംബന്ധിച്ച് പി.ടി.എ പ്രസിഡന്റ് ഐഷ മാധവ്, ഹെഡ്‌മാസ്‌റ്റര്‍ കെ.വി ബാബു, സ്‌റ്റാഫ് സെക്രട്ടറി ഷാജി ജോര്‍ജ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.പി. ബിനു, പി.ജെ. പുഷ്‌പലത എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കുട്ടികളില്‍ ഉത്തരവാദിത്വം, സാമൂഹിക പ്രതിബദ്ധത, കാര്യശേഷി, സേവന മനോഭാവം, അച്ചടക്കം എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ എസ്.പി.സി. പദ്ധതി കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംഘം പറഞ്ഞു. പിറവം ജനമൈത്രി പോലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്. സി.ഐ ശിവന്‍കുട്ടി, എസ്.ഐ പി.ജെ നേബിള്‍, സി.ആര്‍.ഒ പി.ജി വേണുഗോപാല്‍ എന്നിവര്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
No comments:
Post a Comment